തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. കളക്ടര്‍മാരെ സഹായിക്കാന്‍ ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി.

കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനുമാണ് ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാം. മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ ആക്കി തിരിച്ച്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പൂര്‍ണമായി തുറക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിലപാട്.

പൊതുവാഹനങ്ങളില്‍ അന്‍പത് ശതമാനം യാത്രക്കാര്‍, ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രം അനുമതി, തിയറ്ററുകളില്‍ കൂടുതല്‍ ആളുകളെ അനുവദിക്കരുത് തുടങ്ങിയവ ആരോഗ്യവകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.