ഡല്‍ഹി: സിനിമ തീയറ്ററുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 100% സീറ്റുകളിലേക്കും പ്രവേശനം അനുവദിച്ച്‌ കൊണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്‍കാസ്റ്റിംഗ് മിനിസ്ട്രി കോവിഡ് രോഗബാധ പ്രതിരോധിക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ട് വന്നു. തീയറ്റര്‍ ഉടമകളും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മാസ്കിനും ടെമ്ബറേച്ചര്‍ പരിശോധനയ്ക്കും പുറമെ സീറ്റുകള്‍ തമ്മിലുള്ള അകലം കൂട്ടുക, ഷോ നടക്കുന്ന സമയങ്ങള്‍ക്കിടയിലുള്ള ഇടവേള കൂട്ടുക തുടങ്ങിയ പുതിയ നിര്‍ദ്ദേശങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്:

ഓഡിറ്റോറിയങ്ങളിലും പൊതു സ്ഥലങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും മിനിമം 6 അടി അകലമെങ്കിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

എല്ലായിപ്പോഴും നിര്‍ബന്ധമായി ഫെയ്സ് ഷീല്‍ഡ് / മാസ്കുകള്‍ ഉപയോഗിക്കുക

എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും പൊതു സ്ഥലങ്ങളിലും ഹാന്‍ഡ് സാനിറ്റൈസറിന്റ (Hand Sanitizer) ലഭ്യത ഉറപ്പാക്കുക

ചുമ്മയ്ക്കുമ്ബോഴും തുമ്മുമ്ബോഴും ടിഷ്യു, ഹാന്‍ഡ്‌കര്‍ചീഫ് അല്ലെങ്കില്‍ കൈകള്‍ വെച്ച്‌ മുഖം മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നെണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം

തുപ്പുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്

ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉപയോഗിക്കുകയും വേണം

2020 ഒക്ടോബറില്‍ 50% സീറ്റുകളില്‍ പ്രവേശനം അനുവദിച്ച്‌ കൊണ്ട് തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ ജനുവരി 5 മുതലാണ് തീയറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.