ന്യൂഡല്‍ഹി; ബജറ്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി വൈസ്‌ പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ വെങ്കയ്യ നായ്‌ഡു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഹാളില്‍ വൈസ്‌ പ്രസിഡന്റിന്റെ വസതിയിലാണ്‌ യോഗം ചേര്‍ന്നത്‌. രാജ്യസഭയിലെ ഒന്നാം ഘട്ട ബജറ്റ്‌ സമ്മേളനം രണ്ട്‌ ദിവസം നേരത്തെ അവസാനിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്‌. ഫെബ്രുവരി 13ന്‌ രാജ്യസഭയിലെ ആദ്യഘട്ട ബജറ്റ്‌ സമ്മേളനം അവസാനിപ്പിക്കാനാണ്‌ തീരുമാനം.

നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ 2020-2021 വര്‍ഷത്തെ കേന്ദ്ര ബജറ്റ്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാവിലെ 11ന്‌ നിര്‍മല സീതാരാമന്‍ തന്റെ ബജറ്റ്‌ അവതരണ പ്രസംഗം ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ജനുവരി 29ന്‌ രാജ്യത്തെ 2020-2021 വര്‍ഷത്തെ സാമ്ബത്തിക സര്‍വ്വേ നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെ മേഷപ്പുറത്ത്‌ വെച്ചിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടപ്പു സാമ്ബത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന്‌ സാമ്ബത്തിക സര്‍വ്വേ വ്യക്തമാക്കുന്നു. വരുന്ന സാമ്ബത്തിക വര്‍ഷം സാമ്ബത്തിക വളര്‍ച്ചയില്‍ 11 ശതമാനത്തിന്റെ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌.

ആദ്യഘട്ട ബജറ്റ്‌ സമ്മേളനം ഫെബ്രുവരി 15വരെ തുടരും. രണ്ടാം ഘട്ട ബജറ്റ്‌ സമ്മേളനം മാര്‍ച്ച്‌ 8ന്‌ ആരംഭിച്ച്‌ ഏപ്രില്‍ 8ന്‌ അവസാനിക്കും.

കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചാണ്‌ സമ്മേളനം. രാജ്യസഭ രാവിലെ ഒന്‍പത്‌ മുതല്‍ രണ്ടുവരെയും ലോക്‌സഭ നാലുമുതല്‍ ഒന്‍പത്‌ വരെയുമാണ്‌ സമ്മേളിക്കുക. കൊവിഡ്‌ പരിശോധനയ്‌ക്ക്‌ ശേഷം മാത്രമേ അംഗങ്ങള്‍ക്ക്‌ പ്രവേശനം നല്‍കു. അംഗങ്ങളുടെ കൊവിഡ്‌ പരിശോധന പാര്‍ലമെന്റ്‌ മന്ദിരത്തില്‍ ബുധനാഴ്‌ച്ച ആരംഭിച്ചു. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു.

കര്‍ഷക സമരങ്ങളുടേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ നാളെ ആരംഭിക്കുന്ന ബജറ്റ്‌ സമ്മേളനം രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയാകുമന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.