തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തില്‍ എംഎം മണി നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മാണി സി കാപ്പന്‍. മണിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കാപ്പന്‍ പറഞ്ഞു. അതേസമയം എന്‍സിപിയില്‍ മണിയുടെ പ്രസ്താവനയില്‍ അതൃപ്തിയുണ്ട്. എന്നാല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് ടിപി പീതാംബരന്റെ നിലപാട്. പാലാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കിയതെന്നായിരുന്നു മണിയുടെ വിമര്‍ശനം. അറയക്കും മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ നടന്ന കെഎം മാണിയുടെ സ്മൃതി സംഗമത്തിലേക്ക് മാണി സി കാപ്പന്‍ വരാതിരുന്നതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്.പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്നത് മാധ്യമ വാര്‍ത്ത മാത്രമാണെന്ന് പീതാംബരന്‍ പറയുന്നു. സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പിതാംബരന്‍ പറഞ്ഞു. അതേസമയം സിപിഎം ജോസ് കെ മാണിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യട്ടെ. തന്റെ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ കണ്ടതിന് ശേഷം പറയുമെന്നും കാപ്പന്‍ പറഞ്ഞു. അതേസമയം മാണി സി കാപ്പന് എന്‍സിപിയിലെ സാഹചര്യവും അനുകൂലമല്ല. എല്‍ഡിഎഫ് വിടാന്‍ ആര്‍ക്കും താല്‍പര്യമില്ല. മാണി സി കാപ്പന്‍ വിഭാഗത്തോടും ശശീന്ദ്രന്‍ വിഭാഗത്തോടും നാളെ ദില്ലിയിലെത്താന്‍ പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശശീന്ദ്രന്‍ പക്ഷേ ഫെബ്രുവരി മൂന്നിന് എത്താമെന്നാണ് അറിയിച്ചത്. അതുകൊണ്ട് യോഗം അന്നേ ദിവസമേ നടക്കൂ. യുഡിഎഫില്‍ പോയാല്‍ പാലാ സീറ്റ് കിട്ടുമെങ്കില്‍ ബാക്കിയുള്ള സീറ്റുകള്‍ കിട്ടില്ലെന്ന് എന്‍സിപിക്ക് അറിയാം. അതാണ് കാപ്പന്‍ പോയാലും പാര്‍ട്ടിയില്‍ ആരും അദ്ദേഹത്തിനൊപ്പം പോകില്ലെന്ന നിലപാടെടുത്തത്. ഒരു സീറ്റിന് വേണ്ടി ബാക്കിയുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്താന്‍ എന്‍സിപി തയ്യാറുമല്ല. യുഡിഎഫില്‍ കാര്യമായ നേട്ടമുണ്ടാകില്ലെന്ന് കാപ്പനും പീതാംബരനും വരെ കരുതുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ ശക്തമായ നിലപാടും ഇതിന് കാരണമായിട്ടുണ്ട്. പത്തിലധികം ജില്ലാ കമ്മിറ്റികളും എല്‍ഡിഎഫില്‍ തന്നെ എന്‍സിപി തുടരണമെന്ന നിലപാടിലാണ്. പാലാ സീറ്റിന്റെ പേരില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ അത് കാപ്പനും പീതാംബരനും വലിയ തിരിച്ചടിയാവും. നിലവില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു മുന്നണിയെ കൈവിടുന്നതിലുള്ള പ്രശ്‌നവും ജില്ലാ കമ്മിറ്റികള്‍ പീതാംബരനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് പാലായുടെ കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയുണ്ടാവില്ല. രാജ്യസഭാ സീറ്റോ അതല്ലെങ്കില്‍ കുട്ടനാട്ടില്‍ നിന്ന് മത്സരിക്കുകയോ ആവും സിപിഎം കാപ്പന് ഓഫര്‍ ചെയ്യുക.