തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് ‘ ആദരാഞ്ജലികള്‍’ അര്‍പ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗം വിവാദത്തില്‍. ആശംസകള്‍ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് അച്ചടിച്ച്‌ വന്നതാണ് വിവാദമായത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതൃപതി പ്രകടിപ്പിച്ചു. വീക്ഷണം പ്രതിനിധികളെ വിളിച്ച്‌ അദ്ദേഹം അതൃപ്തി അറിയിച്ചു. പരിശോധിക്കാന്‍ കെ.പി.സി.സിയോടും ആവശ്യപ്പെട്ടു.

പരസ്യത്തില്‍ വന്ന അബദ്ധം ഗൗരവകരമായ വീഴ്ചയാണെന്ന് പത്രത്തിന്റെ എം.ഡി.യുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് കുമ്ബളയിലാണ് ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. പരസ്യത്തിലെ പാകപ്പിഴ മൂലം അതിനു മുന്നേതന്നെ യാത്ര വാര്‍ത്തയായിരിക്കുകയാണ്. തുടങ്ങും മുന്നേ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.