ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വീണ്ടും കേസ്. ദില്ലിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ തരൂരിനെതിരെ കേസെടുത്തിരുന്നു. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയയില്‍ തരൂര്‍ പ്രതികരിച്ചിരുന്നു. ശശി തരൂരിന് പുറമെ രാജദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചിരഞ്ജീവ് കുമാര്‍ എന്നയാളുടെ പരാതിയിലാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. ദില്ലിയിലെ ഐടിഒയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണങ്ങള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണടാകം എന്നിവിടങ്ങളിലും ശശി തരൂരിനെതിരേ കേസെടുത്തിട്ടുണ്ട്. യുപിയില്‍ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ശശി തരൂര്‍, ഇന്ത്യ ടുഡെയുടെ രാജദീപ് സര്‍ദേശായ്, നാഷണല്‍ ഹെറാള്‍ഡിന്റെ മൃണാള്‍ പാണ്ഡെ, ഖൗമി അവധിന്റെ സഫര്‍ ആഗ, കാരവന്റെ പരേഷ് നാഥ്, വിനോദ് കെ ജോസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഗുരുഗ്രാം സൈബര്‍ സെല്‍ ആണ് ഹരിയാനയില്‍ കേസെടുത്തത്. ഉത്തര്‍ പ്രദേശില്‍ നോയിഡ പോലീസും. ഗുരുഗ്രാമിനടുത്ത ജര്‍സ സ്വദേശി മഹാബീര്‍ സിങിന്റെ പരാതിയിലാണ് ഹരിയാനയിലെ കേസ്. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുംവിധമാണ് പ്രതികള്‍ ഇടപെട്ടതെന്ന് പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു.