ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച്‌ സന്ദീപ് ജി വാര്യര്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കില്‍ ഡോളറും സോളാറും, സ്വപ്നയും സരിതയും ഒരുമിച്ച്‌ ചര്‍ച്ച ചെയ്യാമെന്ന് സന്ദീപ് പരിഹസിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം.

‘എനിക്ക് പകരം രമണന്‍ ഗോദായിലേക്കിറങ്ങുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഉമ്മന്‍ ചാണ്ടി ആ വെല്ലുവിളി ഏറ്റെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ ചാണ്ടി സര്‍ വരണം. ജനങ്ങള്‍ക്ക് ഡോളറും സോളാറും , സ്വപ്നയും സരിതയും ഒരുമിച്ച്‌ ചര്‍ച്ച ചെയ്യാമല്ലോ . മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നടന്ന സകല അഴിമതികളും വൃത്തികേടുകളും സമൂഹം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കും. അതു കൊണ്ട് ഉമ്മന്‍ ചാണ്ടി പറ്റില്ലാന്ന് മാത്രം പറയരുത്.’- സന്ദീപ് ജി വാര്യര്‍ കുറിച്ചു.

പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പുതുപ്പള്ളിയില്‍ നിന്ന് മാറുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടു പോലുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.