കോഴിക്കോട് : നിയമനം വിവാദമായ പശ്ചാത്തലത്തില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നല്‍കേണ്ടതില്ലെന്ന് തീരുമാനം. കലിക്കറ്റ് സര്‍വ്വകലാശാലയിലെ 16 വകുപ്പുകളിലേക്കുമുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 30 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

മെറിറ്റില്‍ ഒന്നാമത്തെ റാങ്ക് നേടിയ മുന്‍ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ഡിവൈ എഫ് ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്‍റെ ഭാര്യ റീഷ കാരളിയുടെ കാര്യത്തിലും പരാതിയുണ്ടായിരുന്നു. ഇവരെ നിയമിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആകെ 16 വകുപ്പുകളിലായി 43 പേര്‍ക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്.

വീണ്ടും ഭാര്യയെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ അനധികൃതമായി തിരുകിക്കയറ്റാന്‍ എഎന്‍ ഷംസീര്‍ എംഎല്‍എ ശ്രമിച്ചതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പരാതിയുമായി ഗവര്‍ണ്ണറെ സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതി സമീപിച്ചിരുന്നു. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നതിന് മുംപായി യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. സംഗതി വിവാദമായതോടെ സിന്‍ഡിക്കേറ്റ് ഷഹാലയുടെ പേര് ഒഴിവാക്കി.

നിയമനം ലഭിക്കാന്‍ ഷംസീറിന്‍റെ ഭാര്യയുടെ പഴയ അധ്യാപകനെ തന്നെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈയിടെ ഷംസീറിന്‍റെ ഭാര്യ ഷഹാല ഷംസീറിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് വിവാദമായിരുന്നു. ഒന്നാം റാങ്ക് കാരി ബിന്ദുവിനെ മറികടന്ന് രണ്ടാം റാങ്ക് കാരിയായ ഷഹല ഷംസീറിനെ നിയമിക്കാന്‍ നടത്തിയ നീക്കം ഒടുവില്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. റാങ്ക് ലിസ്റ്റും സര്‍വ്വകലാശാല വിജ്ഞാപനവും തിരുത്തിയാണ് അന്ന് നിയമനം നല്‍കാന്‍ ശ്രമിച്ചത്.

ഇപ്പോള്‍ കലിക്കറ്റ് സര്‍വ്വകലാശാലയുടെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസറുടെ ഒഴിവുകളിലെ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആണ് ഇന്‍റര്‍വ്യൂ നടന്നത്.

രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടിലും പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്ഥാനം പിടിക്കാന്‍ ശ്രമിച്ചത്. മെറിറ്റില്‍ ഒന്നാമത്തെ റാങ്ക് മുന്‍ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ഡിവൈ എഫ് ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്‍റെ ഭാര്യ റീഷ കാരളിക്കാണ്. രണ്ടാമത്തേത് മുസ്ലിം സംവരണ സീറ്റാണ്. ഇതാണ് ഇന്‍റര്‍വ്യൂവില്‍ രണ്ടാം റാങ്ക് നേടിയ ഷംസീറിന്‍റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നല്‍കിയിരുന്നത്.

എഴുപതോളം അപേക്ഷകരില്‍ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേര്‍ അഭിമുഖത്തിന് ഹാജരായി. ഉയര്‍ന്ന അക്കാദമകി യോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വ്വകലാശാലകളിലും കോളെജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകരെ അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി പരാതിയുണ്ട്. നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിക്കാനായിരുന്നു ഇത്.

യോഗ്യരായ പലരെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത് എന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഷംസീറിന്‍റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്‍റെ മേല്‍നോട്ടം വഹിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുന്‍ അധ്യാപകനായിരുന്ന ഡോക്ടര്‍ പി. കേളുവിനെ തന്നെ വിസി മുന്‍കൂട്ടി പദ്ധതിയിട്ടാണ് അഭിമുഖ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.

യുണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ വകുപ്പ് മേധാവി തന്നെ ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോള്‍ അവിടെ നിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധന്‍ എന്ന നിലയിലാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ തിരുകിക്കയറ്റിയതെന്ന് പറയുന്നു. . ഗവേഷണ മേല്‍നോട്ടം വഹിച്ച വ്യക്തി തന്നെ തന്‍റെ ഗവേഷക വിദ്യാര്‍ത്ഥി പങ്കെടുക്കുന്ന അഭിമുഖത്തിന് എത്തിയത് നിയമനത്തെ സ്വാധീനിക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.

നിയമനങ്ങളില്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികൂമാറും സെക്രട്ടറി ക്യാമ്ബയിന്‍ എ ഷാജിര്‍ഖാനും ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയത്.