മേപ്പാടിയില്‍ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ കസ്റ്റഡിയില്‍. മേപ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. റിസോര്‍ട്ട് ഉടമകളായ സുനീര്‍, റിയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

മേപ്പാടി എളമ്ബിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുമ്ബോഴാണ് കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസമാണ് മേപ്പാടിയില്‍ റിസോര്‍ട്ടില്‍വെച്ച്‌ കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ച്‌ പൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായിരുന്നു. മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോര്‍ട്ടുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്.