നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറായി കഴിഞ്ഞുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് വ്യക്തമാക്കി. പുതിയ കേരളം എന്ന ആശയവുമയാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എം.ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സ്ഥായിയായുള്ള വികസന മാതൃക കൊണ്ടുവരാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിച്ചില്ല. അതു കൊണ്ടു തന്നെ പുതിയ കേരളം ആശയമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. പുതിയ കേരളത്തിന് വേണ്ടി വോട് ചെയ്യുക എന്നതാണ് മുദ്രാവാക്യം. ഇതിനായി ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് ദേശീയ പ്രസിഡണ്ട് ജെ.പി.നദ്ദയുടെ പരിപാടികളോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തൃശൂരില്‍ തുടക്കമാകും. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. അഴിമതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ ശക്തമായി വിമര്‍ശനം ഉന്നയിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്നും രമേശ് വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പോടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇല്ലാതാവുന്നില്ല. സര്‍ക്കാര്‍ ജനവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്. ഫെബ്രുവരി എട്ട്, ഒമ്ബത് തിയതികളില്‍ സെക്രട്ടേറിയേറ്റ്, കലക്ടറേറ്റ് മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി നേരിട്ട് സംവദിക്കും. അഭിപ്രായങ്ങളിലൂടെ ജനകീയ പ്രകടനപത്രിക തയ്യാറാക്കും. 140 മണ്ഡലങളില്‍ ജനകീയ കൂടായ്മ സംഘടിപ്പിക്കും, വിവിധ മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കും, അഭിപ്രായം തേടും.