വാഷിങ്ടണ്‍ ഡി.സി: ജോണ്സണ്‍ ആന്റ് ജോണ്സണ്‍ വികസിപ്പിച്ച കോവിഡ് വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 66 ശതമാനം മാത്രം ഫലപ്രാപ്തി. മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ജനിതകമാറ്റം വന്ന വിവിധതരം കൊറോണ വൈറസുകളില്‍ പരീക്ഷിച്ചപ്പോഴാണ് ഫലപ്രാപ്തി ഈ അളവില്‍ ലഭിച്ചതെന്ന് കമ്ബനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അമേരിക്കയില്‍ വാക്സിന്‍ 72 ശതമാനവും ലാറ്റിനമേരിക്കയില്‍ 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 57 ശതമാനവും ഫലപ്രദമാണെന്നും കമ്ബനി അറിയിച്ചു. അതെ സമയം ഗുരുതരമായ രോഗം ബാധിച്ച 85 ശതമാനം പേര്‍ക്ക് ഈ വാക്സിന്‍ ഫലപ്രദമാണ്. ഫൈസര്‍, മൊഡേണ എന്നിവയുടെ വാക്സിനുകളേക്കാള്‍ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം മതി എന്നതാണ് ഈ വാക്സിനെ വ്യത്യസ്തമാക്കുന്നത്. അത് പോലെ സാധാരണ റഫ്രിജറേറ്ററില്‍ വാക്സിന്‍ സൂക്ഷിക്കാം.
ആഴ്ചകള്‍ക്കുള്ളില്‍ അംഗീകാരം ലഭിച്ചേക്കും. 100 മില്യണ്‍ ഡോസ് നല്‍കാമെന്ന കരാറില്‍ ഒന്നര ബില്യണ്‍ ഡോളറാണ് ഫെഡറല്‍ ഗവണ്മെന്റ് ജോണ്‍സണ്‍ ആന്റ് ജോണ്സണ് നല്‍കിയത്. മോഡര്‍ന 94 ശതമാനവും ഫൈസര്‍ 95 ശതമാനവും ഫലപ്രദമാണ്.