തിരുവനന്തപുരം: മുന്നോക്ക സംവരണം പത്ത് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്കക്കാരില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ അഞ്ച് ശതമാനമേയുള്ളൂവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

ഏത് സമുദായത്തിലെയും പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിന് എതിരല്ല. മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്തുകൊണ്ടാകരുത് അത് നടപ്പാക്കുന്നത്. സവര്‍ണ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍ ചേര്‍ന്നാല്‍ 26 ശതമാനത്തോളമാണ് കേരളത്തിലുള്ളത്.

വിദ്യാഭ്യാസമേഖലയിലടക്കം അവര്‍ ഏറെ മുന്‍പിലാണ്. ഭരണതലത്തിലും അവര്‍ക്ക് പ്രാതിനിധ്യമുണ്ട്. ഇതില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അഞ്ച് അഞ്ച് ശതമാനമേ വരൂ. അവര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കുക എന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്‌എസ്

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്‌എസ്. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് എന്‍എസ്‌എസ് ആവശ്യപ്പെട്ടു. മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെച്ച ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാതെ വന്നാല്‍ അത്തരം ഒഴിവുകള്‍ അതേ സമുദായത്തില്‍ നിന്നുതന്നെ നികത്തപ്പെടണമെന്നും എന്‍എസ്‌എസ് ആവശ്യപ്പെട്ടു.