ബീജിംഗ്: കൊറോണ വൈറസിനെ ലോകത്തിൽ ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിൽ ലോകാരോഗ്യ സംഘടന വിദഗ്ധസമിതി പരിശോധന നടക്കുന്നതായി റിപ്പോർട്ട്. എന്നാൽ പരിശോധനാ സംഘം ചൈനീസ് അധികൃതർ പറയുന്നിടത്തുമാത്രമേ പോകുന്നുള്ളുവെന്ന ആരോപണം ഉയരുകയാണ്. കൊറോണ വ്യാപനം തുടങ്ങി ഒരു വർഷം കഴിഞ്ഞുള്ള സന്ദർശനത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനവും ഉയരുകയാണ്. സിൻഹുവാ ആശുപത്രി, വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വുഹാൻ സി.ഡി.സി ലാബോറട്ടറി എന്നിവയിൽ ലോകാരോഗ്യ സംഘടനാ സംഘം സന്ദർശനം നടത്തും.

വുഹാൻ നഗരത്തിലെ മാംസ മാർക്കറ്റിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. മാർക്കറ്റിൽ ജോലിചെയ്തിരുന്ന ഒരു വൃദ്ധയായ സത്രീക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നാണ് ആദ്യ ഘട്ടത്തിലെ സൂചന. കൊറോണ വൈറസ് ചികിത്സയ്ക്കും ഐസൊലേഷനുമായി ആശുപത്രി സംവിധാനം ലോകത്താദ്യമായി ഒരുക്കിയതും വുഹാനിലായിരുന്നു. സിൻഗുവാ ആശുപത്രിയിലാണ് ആദ്യ രോഗികളെ പ്രവേശിപ്പിച്ചിരുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കൊറോണ എത്തിയത് വുഹാനിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്തവരിൽ നിന്നുമായിരുന്നു. ഇറ്റലിയാണ് ആദ്യ ഘട്ടത്തിൽ ഏറ്റവുമധികം വാഹകരെക്കൊണ്ട് ബുദ്ധിമുട്ടിയ രാജ്യം.