തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ ലോക്‌സഭ വരെയുള്ള തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കണമെന്ന് സി.വി ആനന്ദബോസ് കമ്മിഷന്‍ ശുപാര്‍ശ.
പ്രവാസി, അതിഥി, കരാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേന്ദ്രസര്‍ക്കാരാണ് സി.വി. ആനന്ദബോസിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചത്. ഓരോ രാജ്യത്തുമുള്ള പ്രവാസികളുടെ എണ്ണമനുസരിച്ച് അവരരവരുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് വെര്‍ച്വല്‍ മണ്ഡലങ്ങളാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിന് കൈമാറി.
കരാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് അധിഷ്ഠിത പെന്‍ഷന്‍ നടപ്പാക്കണം, ഇ.എസ്.െഎ.പോലുള്ള ആരോഗ്യ പരിപാലന പദ്ധതികള്‍ അസംഘടിത മേഖലയിലും നടപ്പാക്കണം, പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് സഹായം നല്‍കാനും താത്കാലിക താമസസൗകര്യമൊരുക്കാനും ഇന്ത്യാ ഹൗസുകള്‍ തുറക്കണം, എംബസികള്‍ ജനസൗഹൃദമാക്കണം തുടങ്ങിയവയാണ് മറ്റ് ശുപാര്‍ശകള്‍.
അതിഥിത്തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും ഉപജീവനബത്ത, ദേശീയതലത്തില്‍ അതിഥിത്തൊഴിലാളികള്‍ അടക്കമുള്ള് തൊഴിലാളികള്‍ക്ക് ഒറ്റ രജിസ്ട്രേഷന്‍ നടപ്പാക്കണം, തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ മാതൃകയില്‍ ദേശീയതലത്തില്‍ സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് രൂപം നല്‍കണമെന്നും കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.