രാജ്യം കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.

എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച്‌ ഫെഡറല്‍ തത്വത്തില്‍ ഊന്നി വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും അവയുടെ വിവിധ എജന്‍സികളും സംയുക്തമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിജയത്തിലെയ്ക്ക് നയിച്ചത്.

പൊതു പങ്കാളിത്തവും സാങ്കേതികവിദ്യയും പരീക്ഷണങ്ങളും കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റി. ഇപ്പോള്‍ ഒരു വര്‍ഷത്തിനിപ്പുറം രണ്ട് കൊവിഡ് വാക്‌സിനുകളും ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. വെറും 12 ദിവസത്തിനുള്ളില്‍ ഇന്ത്യ 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ് നല്‍കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രായമായവര്‍ ഉള്‍പ്പടെ അടുത്ത 300 ദശലക്ഷം പേര്‍ക്കാകും പ്രതിരോധമരുന്ന് ഇന്ത്യ നല്‍കുക.