കൊച്ചി: വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ച് സര്‍വിസ് ആരംഭിക്കുന്ന ജലമെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെലവഴിച്ചത് 145.22 കോടി രൂപ. നഗരത്തിലെ ജലഗതാഗത സംവിധാനത്തിന് മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതിക്ക് ആകെ 747 കോടിയാണ് െചലവ് പ്രതീക്ഷിക്കുന്നത്.
ബോട്ട്, ബോട്ട് ടെര്‍മിനലുകള്‍ എന്നിവയുടെ നിര്‍മാണം, സ്ഥലമെടുപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമായും തുക ചെലവിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 19 ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണത്തിന് 15.44 കോടിയാണ് മുടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ വരുന്ന 20 ബോട്ടുജെട്ടികള്ക്കായി 16.16 കോടിയുമാണ് ചെലവ്. ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യുവില്‍നിന്ന് 579.71 കോടി ധനസഹാത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ച ജലമെട്രോ സര്‍വിസ് ഫെബ്രുവരി അവസാനത്തോടെ തുടങ്ങാനായേക്കും. ആദ്യം വൈറ്റില-കാക്കനാട് റൂട്ടിലാണ് സര്‍വിസ് തുടങ്ങുന്നത്. ഒരു ബോട്ടായിരിക്കും ഇവിടെ സര്വിസിനെത്തുക. പിന്നീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അനുസരിച്ച് മറ്റ് റൂട്ടുകളിലേക്ക് സര്‍വിസ് വ്യാപിപ്പിക്കും.
ഹൈകോര്‍ട്ട്, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടില്‍ തുടര്‍ന്ന് ജലമെട്രോയെത്തും. അതിനുശേഷം കടമക്കുടി, പാലിയംതുരുത്ത്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, കുമ്ബളം, മുളവുകാട് നോര്‍ത്ത്, ഏലൂര്‍, എമ്ബാര്‍ക്കേഷന്‍ െജട്ടി എന്നീ സ്ഥലങ്ങളടങ്ങുന്ന റൂട്ടിലേക്കുമെത്തും. 76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജല മെട്രോ പാതയില്‍ ആദ്യഘട്ടത്തില്‍ 23 ബോട്ടുകളുണ്ടാകും. വൈറ്റില- കാക്കനാട് റൂട്ടില്‍ 90 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതായി കെ.എം.ആര്.എല്‍ അധികൃതര്‍ പറഞ്ഞു.
കൊച്ചി കപ്പല്‍ശാലയില്‍ ബോട്ടുകളുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ദേശീയ ജലപാത 3-40 ശതമാനം, കൊച്ചി തുറമുഖ ജലപാത -33 ശതമാനം, ഇറിഗേഷന്‍ ഉള്‍നാടന്‍ പാതകള്‍ -20 ശതമാനം, മറ്റുള്ളവ -ഏഴ് ശതമാനം എന്നിങ്ങനെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ജലപാതകള്‍. 8-12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ജലയാത്ര സാധ്യമാകുന്നതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നഗരത്തിലെത്താന്‍ കൂടുതല്‍ സൗകര്യപ്രദമാകും.