യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ്. എയര്‍ ഇന്ത്യക്കു പുറമെ മറ്റു പല വിമാന കമ്ബനികളും വണ്‍വേക്ക് മികച്ച ഓഫറാണ് നല്‍കുന്നത്. ബാഗേജിന്റെ കാര്യത്തിലും വിമാന കമ്ബനികള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് ഏതാണ്ട് 300 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കുന്ന സാഹചര്യമുണ്ട്. നികുതി ഉള്‍പ്പെടെ കുറഞ്ഞ നിരക്കാണ് ബജറ്റ് എയര്‍ലൈന്‍ കമ്ബനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ അടക്കം 8 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നുണ്ട്.

ജനുവരി ആദ്യവാരം ഉയര്‍ന്ന നിരക്കായിരുന്നു ദുബൈയില്‍ നിന്ന് കേരളത്തിലേക്ക്. 700 ദിര്‍ഹം വരെ വണ്‍വേ നിരക്കായി ഈടാക്കിയിരുന്നു. അതാണിപ്പോള്‍ പകുതിയായി കുറഞ്ഞത്. ബിസിനസ് ക്ലാസ്സിനു 1230 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. മാര്‍ച്ച്‌ അവസാനം വരെ കുറഞ്ഞ നിരക്ക് തുടരും. തിങ്കളാഴ്ചകളില്‍ ദുബൈയില്‍ കൊച്ചിയിലേക്കും ഞായറാഴ്ചകളില്‍ കൊച്ചിയില്‍നിന്ന് ദുബൈയിലേക്കുമാണ് എയര്‍ ഇന്ത്യ സര്‍വീസുള്ളത്. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യയും റാസല്‍ഖൈമയില്‍നിന്ന് സ്പൈസ് ജെറ്റും 300-350 ദിര്‍ഹത്തിന് കേരള സെക്ടറിലേക്കു പറക്കുന്നുണ്ട്.