നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രികെറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഹൃദയധമനികളില്‍ തടസ്സം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടിടത്ത് സ്റ്റെന്റ്റ് ഘടിപ്പിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്നു ബുധനാഴ്ചയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 48കാരനായ ഗാംഗുലിക്ക് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
അഞ്ചുദിവസത്തെ ആശുപത്രിവാസത്തിനുശേഷം ജനുവരി 7നാണ് അദ്ദേഹം ആശുപത്രി വിട്ടത്. സൗരവ് ഗാംഗുലിക്ക് വീണ്ടും ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഹൃദയധമനികളില്‍ മൂന്നിടത്താണ് തടസ്സം കണ്ടെത്തിയിരുന്നത്. ഇതില്‍ ഒന്നില്‍ മാത്രമാണ് അന്ന് സ്റ്റെന്റ്റ് ഇട്ടത്.
ഇതിനിടെ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഗാംഗുലിയുമായും ഭാര്യ ഡോണയുമായും സംസാരിച്ചെന്നും മമത വ്യക്തമാക്കി.