ബദായു (യുപി): കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിയെ പ്രായപൂര്‍ത്തിയാവാത്ത അഞ്ചു പേര്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ക്രൂരതയുടെ ദൃശ്യയില്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ആറു പേരെയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു.
അഞ്ചു മാസം മുമ്ബു നടന്ന ക്രൂരതയുടെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്ന് മുപ്പത്തിരണ്ടുകാരിയായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാട്ടില്‍ വിറക് എടുക്കാന്‍ പോയപ്പോള്‍ അഞ്ചു പേര്‍ ചേര്‍ന്ന തന്നെ ബലാത്സംഗം ചെയ്തതായും ആറാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. വിവരം പുറത്തു പറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്നും ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഘട്ടത്തിലാണ് യുവതി പൊലീസിനെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പേരെയും കസ്റ്റഡിയില്‍ എടുത്തതായി എസ്‌എസ്‌എസ് സങ്കല്‍പ്പ് ശര്‍മ പറഞ്ഞു. പ്രതികളില്‍ ഒരാള്‍ മൊബൈലിലെ ദൃശ്യം 300 രൂപയ്ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനു ശേഷമാവും ഇതു സാമൂഹ്യ മാധ്യമങ്ങളില്‍ വന്നതെന്ന് പൊലീസ് പറയുന്നു.