തൃശൂര്‍: ഉത്സവപ്പറമ്ബുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ഇനി ആരാധകരുടെ ഓര്‍മകളില്‍. ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഉത്സവപ്പറമ്ബുകളിലെ കരിവീര ചന്തം വിസ്മൃതിയിലായി. തൃശൂര്‍ പൂരം ഉള്‍പ്പെടെ പ്രശസ്ത പൂരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കര്‍ണന്‍ തൃശൂര്‍ക്കാരുടെ പ്രിയതാരമാണ്. ജില്ലയിലെ പ്രമുഖ ക്ഷേത്രോത്സവങ്ങളില്‍ വര്‍ഷങ്ങളോളം സ്ഥിരസാന്നിധ്യമായിരുന്നതിനാല്‍ ആബാലവൃദ്ധം ആനപ്രേമികളുടെയും പ്രിയങ്കരനായ ഗജവീരനായിരുന്നു കര്‍ണന്‍.
തിരുവമ്ബാടി ദേവസ്വം ഉള്‍പ്പെടെ ജില്ലയിലെ വിവിധ ക്ഷേത്രക്കമ്മിറ്റികള്‍ കര്‍ണന്റെ ഭൗതീകശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ‘നിലവി’ന്റെ (തലയെടുപ്പ്) മഹാരാജാവെന്ന വിശേഷണം കര്‍ണന് മാത്രം സ്വന്തമായിരുന്നു. ചട്ടക്കാരുടെ നിര്‍ദേശമോ, സമ്മര്‍ദ്ദമോ ഇല്ലാതെ തന്നെ തല ഉയര്‍ത്തിപ്പിടിക്കുമെന്നതാണ് കര്‍ണന്റെ ഏറ്റവും വലിയ പ്രത്യേകത. ഉടലഴകില്‍ മംഗലാംകുന്ന് കര്‍ണന് പകരം വയ്ക്കാന്‍ പലരുമുണ്ടായിരുന്നു. എന്നാല്‍ 65-ാം വയസില്‍ വിടവാങ്ങുന്നതു വരെ തലയെടുപ്പില്‍ കര്‍ണനെ വെല്ലാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏതു കൊമ്ബനോട് മത്സരിച്ചാലും തലപ്പൊക്കത്തില്‍ കര്‍ണന്‍ തന്നെയായിരുന്നു ജേതാവ്. ഇതിനാല്‍ ഉത്സവപ്പറമ്ബുകളില്‍ ‘നിലവിന്റെ തമ്ബുരാനെ’ന്ന പേരില്‍ കര്‍ണന്‍ ഏറെ പ്രശസ്തനായി.
എഴുന്നള്ളത്ത് ആരംഭിച്ചാല്‍ പിന്നീട് തിടമ്ബ് ഇറക്കുന്നത് വരെ ആത്മവിശ്വാസം തുളുമ്ബുന്ന പ്രൗഢമായ നില്‍പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്ബോഴും ഈ ‘നിലവു’കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനായത്. ഉടല്‍നീളം കൊണ്ടും കര്‍ണനെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാകുമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്ബോള്‍ 302 സെ.മീ. ആണ് ഉയരം.
ജന്മംകൊണ്ട് ബീഹാറിയായ കൊമ്ബന്‍ 1989ലാണ് കേരളത്തിലെത്തുന്നത്. വരുമ്ബോള്‍ തന്നെ കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ള കര്‍ണന്‍ തലയെടുപ്പ് മത്സരവേദികളില്‍ നിരവധി തവണ ജേതാവായിട്ടുണ്ട്. മാതംഗ മാണിക്യം, പാലകാപ്യഗജപതി, ഗജകുലമാര്‍ത്താണ്ഡന്‍, കലികാലകട്ടബൊമ്മന്‍ തുടങ്ങി നിരവധി വിളിപ്പേരുണ്ട് കര്‍ണന്. ആരാധകരില്‍ കൂടുതലും പേര്‍ ഇഷ്ടത്തോടെ വിളിച്ചിരുന്നത് ‘കര്‍ണാപ്പി’ എന്നായിരുന്നു.
ഫാന്‍സുള്ള താരം, സിനിമയിലും വേഷമിട്ടു
സര്‍വാഭരണ വിഭൂഷിതനായി കര്‍ണന്‍ എഴുന്നെള്ളി നില്‍ക്കുന്നത് കാണുമ്ബോള്‍ ഉത്സവപ്പറമ്ബ് ആവേശത്തിമിര്‍പ്പിലാകും. കര്‍ണന്റെ തലയെടുപ്പും അഴകും വെള്ളിത്തിരയിലുമെത്തിയിട്ടുണ്ട്. മലയാള സിനിമയിലും ബോളിവുഡ് സിനിമയിലും വേഷമിട്ടിട്ടുള്ള താരമാണ് കര്‍ണന്‍. മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നിവയ്ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേയിലും കര്‍ണന്‍ അഭിനയിച്ചു. കേരളത്തില്‍ ചിത്രീകരിച്ച ദില്‍സേയില്‍ ജിയ ജലേ എന്ന ഗാനരംഗത്തില്‍ ഷാരൂഖ് ഖാന്‍. പ്രീതിസിന്റ എന്നിവരോടൊപ്പമാണ് കര്‍ണന്‍ നിറഞ്ഞു നിന്നത്.
നിരവധി പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായി. സിനിമാ താരങ്ങളുടേതു പോലെ സംസ്ഥാനത്ത് കര്‍ണന് ഫാന്‍സ് അസോസിയേഷനുമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങള്‍ക്കിടയിലും ജില്ലയില്‍ നിരവധി പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും കര്‍ണന്‍ എഴുന്നെള്ളിപ്പിനെത്തിയിരുന്നു. നീര് സമയത്ത് അത്രവാശിയോ, ശാഠ്യമോ കാണിക്കില്ലെന്നത് കര്‍ണന്റെ പ്രത്യേകതയാണ്. ആളുകളെ തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് കര്‍ണനുണ്ടായിരുന്നു. ആളുകളോട് നല്ലപോലെ ഇണങ്ങുന്ന രീതിയുള്ളതിനാലാണ് എഴുപ്പള്ളിപ്പുകളില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്ന ശീലം കര്‍ണനുണ്ടായത്. കൊവിഡ് മൂലം എഴുന്നള്ളിപ്പുകള്‍ കുറഞ്ഞതോടെ ഒരു വര്‍ഷമായി വിശ്രമത്തിലായിരുന്നു. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്.