തിരുവനന്തപുരം : ഒറ്റയ്ക്കും കൂട്ടായിട്ടുമുള്ള കവര്‍ച്ചകേസുകളില്‍ നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, കഴിഞ്ഞദിവസം പിടിയിലായ റഫീക്ക് സതീഷും പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേട്ട് പൊലീസ് അന്തം വിട്ടുപോയി! സംഘത്തലവനായ തൃശൂര്‍ ചേര്‍പ്പ് പാറക്കോവില്‍ പുളിപ്പറമ്ബില്‍ സതീഷ് (39) പൊലീസിനെ വെട്ടിക്കാന്‍ ആദ്യം പേര് മാറ്റി. തുടര്‍ന്ന് പിതാവിന്റെ പേരും മതവും മാറ്റി. ഇതിന് പുറമേ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാതിരിക്കാന്‍ രൂപ ഭാവങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും വിരലടയാളവും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണവും സതീഷിനെയും കൂട്ടാളികളെയും കുരുക്കിലാക്കി. തൃശൂരില്‍ നിന്ന് പത്തുവര്‍ഷം മുമ്ബാണ് സതീഷ് തലസ്ഥാന നഗരിയിലേക്ക് ചേക്കേറിയത്. തുടക്കത്തില്‍ പൂരനഗരിയിലെ മോഷണങ്ങളില്‍ പിടിക്കപ്പെട്ട് പൊലീസിന്റെ നോട്ടപ്പുള്ളിയായതോടെയാണ് കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെത്തിയത്.
നാടാകെ ഭാര്യമാര്‍ അടിച്ചുപൊളി ജീവിതം
സ്ത്രീകളുമായി സൗഹൃദത്തിലായി അവര്‍ക്കൊപ്പം താമസിച്ച് കവര്‍ച്ചകള്‍ നടത്തി അടിച്ചുപൊളിച്ച് ജീവിക്കുന്ന പ്രകൃതക്കാരനാണ് സതീഷ്. തെക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലായി രണ്ട് ഡസനിലധികം ഭാര്യമാരാണ് സതീഷിനുള്ളത്. ബിസിനസുകാരനെന്ന പേരിലാണ് സ്ത്രീകളെ വളച്ചെടുക്കുന്നത്. മോഷണമുതലുകള്‍ വിറ്റഴിച്ചും കവര്‍ച്ച ചെയ്തും കൈയില്‍ വരുന്ന പണം ഉപയോഗിച്ചുള്ള സതീഷിന്റെ അടിച്ചുപൊളി ജീവിതമാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്.
സതീഷിനൊപ്പം ജീവിതം മോഹിച്ചവരുടെ കൂട്ടത്തില്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചവര്‍ വരെയുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെന്ന പേരിലാണ് ഭാര്യമാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. പത്തുവര്‍ഷത്തിനകം ഇരുപതിലധികം സ്ത്രീകളെ വിവാഹം ചെയ്തും അല്ലാതെയും സതീഷിനൊപ്പം താമസിച്ച സ്ത്രീകളില്‍ പലരും അറിഞ്ഞും അറിയാതെയും മോഷണക്കേസുകളില്‍ പ്രതിയായി ജയിലില്‍ പോയിട്ടുണ്ട്. മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ആഭരണങ്ങളും വില്‍ക്കാന്‍ സഹായിച്ചതിനാണ് പെണ്ണുങ്ങള്‍ പലരും ജയിലിലായത്. മോഷണത്തിന് പിടിക്കപ്പെട്ട് ജയിലിലാകുന്നതോടെ സതീഷും അവരുമായുള്ള ദാമ്ബത്യം അവസാനിക്കും. ജയിലില്‍ നിന്നിറങ്ങുന്ന സതീഷ് അടുത്ത ഇരയെതേടി തേടി ഇറങ്ങും.
വഴുതിമാറാന്‍ മതംമാറ്റം
തന്റെ പേരും തൃശൂരിലെ വിലാസവും തലസ്ഥാന പൊലീസിന്റെ ബ്ളാക്ക് ലിസ്റ്റിലായപ്പോഴാണ് സതീഷിന് പേരും വിലാസവും മാറ്റി പൊലീസിനെ പറ്റിച്ചാലോയെന്ന ചിന്ത ഉദിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല, കൊട്ടാരക്കര സ്വദേശിനിയായ ഒരു മുസ്ളീം യുവതിയെ പരിചയപ്പെട്ട് വലയിലാക്കി. അവളെ വിവാഹം ചെയ്ത് സതീഷിനെന്ന പേരുമാറ്റി റഫീക്കായി. പോരാത്തതിന് മതവും മാറി. ഭാര്യയുടെ അച്ഛനെ സ്വന്തം അച്ഛനാക്കി കൊട്ടാരക്കരയിലെ വിലാസത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ തരപ്പെടുത്തിയ സതീഷ് ‘റഫീക്കാ’യി പൊലീസിനെ കുറേക്കാലം പറ്റിച്ചു. രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പുതിയ ഐ.ഡി കാട്ടി രക്ഷപ്പെട്ടു. പൊലീസ് റിക്കാര്‍ഡുകളിലൊരിക്കല്‍ പോലും ബ്ളാക്ക് മാര്‍ക്കില്ലാതെ വിലസിയ സതീഷിനെ പക്ഷേ വിരലടയാളം ചതിച്ചു.
സതീഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തന്റെ ഒരു സ്‌കീമില്‍ (മോഷണത്തിന് പറയുന്ന കോഡാണ് സ്‌കീം) വിരലടയാളം ശേഖരിച്ച പൊലീസ് ഇത് തിരിച്ചറിഞ്ഞതോടെ അകത്തായി. സതീഷിനൊപ്പം റഫീക്കെന്ന പേരിലും നോട്ടപ്പുള്ളിയായപ്പോള്‍ വിരലടയാളം പതിയാതിരിക്കാന്‍ തന്റെ ഓപ്പറേഷനുകളില്‍ ഗ്ലൗസ് നിര്‍ബന്ധമാക്കി. വിരലടയാളം പോലും അവശേഷിപ്പിക്കാതെ നഗരത്തിലാകെ പാതിരാക്കവര്‍ച്ചയുമായി ഇറങ്ങിയ സതീഷ് തച്ചോട്ട് കാവിലും കല്ലമ്ബലത്തും രണ്ട് ഭാര്യമാരുമായി സുഖിച്ച് കഴിയുമ്ബോഴാണ് പൊലീസിന്റെ പിടിയിലായത്. നഗരത്തില്‍ പെണ്‍വാണിഭക്കേസില്‍ പലതവണ പിടിക്കപ്പെട്ടിട്ടുള്ള കൊച്ചുവേളി ശംഭുവട്ടം ജംഗ്ഷനില്‍ താമസിക്കുന്ന സാബുസേവ്യറുമായുള്ള(35) പരിചയമാണ് വലിയതുറ മേരീമാതയില്‍ വനിതയെന്ന വനജയെ(32) കൂട്ടി മോഷണ സംഘം വിപുലമാക്കാന്‍ സതീഷിനെ പ്രേരിപ്പിച്ചത്.
ആ മാലയെങ്കിലും തന്നിട്ട് പോ സാറേ
നഗരത്തില്‍ തുടര്‍ച്ചയായ കവര്‍ച്ചകളില്‍ പൊറുതി മുട്ടിയ പൊലീസിന് പ്രതികളെ കണ്ടെത്താന്‍ തടസമായതും സതീഷിന്റെ ബഹുഭാര്യാത്വം തന്നെ. ഭാര്യവീടുകളില്‍ മാറിയും തിരിഞ്ഞും താമസിക്കുന്ന സതീഷിനെ കൃത്യമായി പിന്‍തുടരാന്‍ പൊലീസിന് ആദ്യം കഴിഞ്ഞില്ല. ഒന്നിലേറെ ഭാര്യമാരുള്ളതായി തിരിച്ചറിഞ്ഞ് നടത്തിയ നിരീക്ഷണമാണ് ഇയാളെ കുടുക്കിയത്. തച്ചോട്ട് കാവിലെ ഒരു യുവതിക്കൊപ്പം താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് സതീഷിനെ പൊലീസ് പൊക്കിയത്. സതീഷിന് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ യുവതി പിടിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ കഴിയുമ്ബോഴാണ് വീട്ടില്‍ പൊലീസെത്തിയത്. സതീഷിനൊപ്പം വീട്ടിലുണ്ടായിരുന്ന തൊണ്ടി വസ്തുക്കളും പണവുമെല്ലാം കസ്റ്റഡിയിലെടുത്ത് പുറത്തിറങ്ങവേ യുവതിയുടെ പ്രതികരണത്തില്‍ പൊലീസും അമ്ബരന്നു. മോഷണ മുതലുകള്‍ വിറ്റ് വാങ്ങിയ ഒരു സ്വര്‍ണമാല സതീഷിന്റെ കഴുത്തിലുണ്ടായിരുന്നു. ‘ ആ മാലയെങ്കിലും ഊരി വച്ചിട്ടു കൊണ്ടുപോ സാറേ… ‘ എന്ന് വിളിച്ചു പറഞ്ഞ യുവതി ഒടുവില്‍ ഇതിനായി പൊലീസിനോട് കേണപേക്ഷിച്ചെങ്കിലും തൊണ്ടി മുതല്‍ വിറ്റ് വാങ്ങിയ മുതല്‍ തരാനാകില്ലെന്നായി പൊലീസ്.
കവര്‍ച്ച തീരുമാനം കാണിക്കയിട്ട്
ക്ഷേത്രദര്‍ശനത്തിന് ദമ്ബതികളെപ്പോലെയെത്തുന്ന സതീഷും വനജയും സ്‌കീം തീരുമാനിക്കുന്ന ക്ഷേത്രത്തിലെത്തി വഞ്ചിയില്‍ നാണയം കാണിക്കയായി ഇടും. വഞ്ചിയില്‍ നാണയം വീഴുന്ന ശബ്ദം കേള്‍ക്കുമ്ബോള്‍ സതീഷിന് വഞ്ചിയില്‍ പണം ഉണ്ടോ ഇല്ലയോ എന്ന് അറിയാം. വഞ്ചിയില്‍ നാണയത്തിന്റെ കിലുക്കമാണ് കേട്ടതെങ്കില്‍ പരിസരമെല്ലാം സസൂക്ഷ്മം പഠിച്ച് അന്ന് രാത്രി തന്നെ സാബുവിന്റെ സഹായത്തോടെ കവര്‍ച്ച നടത്തുന്നതാണ് രീതി.
നഗരത്തിലെ ആട്ടോക്കാരുമായി നല്ല സൗഹൃദമുള്ള സാബു തന്റെ പരിചയക്കാരില്‍ ആരുടെയെങ്കിലുമൊക്കെ ആട്ടോ രാത്രി ഓട്ടത്തിനെന്ന പേരില്‍ വാങ്ങി അതില്‍ സഞ്ചരിച്ചായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്. കവര്‍ച്ചയ്ക്ക് സതീഷുമായി പോയി തിരികെ വന്നാല്‍ രാവിലെ ആട്ടോയും പ്രതിഫലമായി അറുന്നൂറോ എഴുന്നൂറോ രൂപയും നല്‍കും. പണം കിട്ടുന്നതിനാല്‍ ആട്ടോക്കാര്‍ സാബു ആവശ്യപ്പെട്ടാലുടന്‍ ആട്ടോ നല്‍കുകയും ചെയ്യും.
വഞ്ചികളിലെ കാണിക്കപ്പണം കുടുക്കപൊട്ടിച്ചതെന്ന പേരില്‍ കടകളില്‍ കൊണ്ടുപോയി മാറി നല്‍കുന്ന ജോലിയായിരുന്നു വനജയ്ക്ക്. നഗരത്തിലെ വിവിധ കടകളിലാണ് ഇങ്ങനെ പണം നല്‍കിയിരുന്നത്. വീട്ടുജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ മുമ്ബ് പേട്ട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കൂടുതല്‍ കവര്‍ച്ചകള്‍ക്ക് തുമ്ബുണ്ടാക്കാനാണ് പൊലീസിന്റെ ശ്രമം.
നാടാകെ ഇരുപതിലധികം ഭാര്യമാര്‍, ഭര്‍ത്താവും കുഞ്ഞുമുള്ളവരെ പോലും കൂടെക്കൂട്ടൂന്ന സ്‌കീം കൈയില്‍, പേരും മതവും മാറി റഫീക്കായിട്ടും സതീഷിനെ ചതിച്ചത് വിരലടയാളം!
