കൊച്ചി | കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം ആയൂര്‍ സ്വദേശി ദിവാകരനാണ് മരിച്ചത്. അണിഞ്ഞിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും കടലാസില്‍ എഴുതി വച്ചിരുന്ന നമ്പറുകളും മറ്റും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്പര്‍ പടിക്ക് സമീപത്തായി കെ എസ് ഇ ബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മുഖത്തില്‍ കാണപ്പെട്ട മുറിവുകളും ഷര്‍ട്ടിലും നിലത്തും മറ്റുമുണ്ടായിരുന്ന രക്തപ്പാടുകളും ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.