ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തിപ്രാപിക്കുമ്ബോള്‍ പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും മാര്‍ച്ച്‌ 8 മുതല്‍ ഏപ്രില്‍ 8 വരെയും സെഷന്‍ രണ്ട് ഭാഗങ്ങളായി നടക്കും. 17-ാമത് ലോക്സഭയുടെ അഞ്ചാം സെഷനില്‍ 35 സിറ്റിങ്ങുകള്‍ ഉണ്ടായിരിക്കും – ആദ്യ ഭാഗത്ത് 11 ഉം രണ്ടാം ഭാഗത്ത് 24 ഉം സിറ്റിങ്ങുകളുമാണുള്ളത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച്‌ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്‍റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും പര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി സുരക്ഷ മുന്‍കരുതലുകള്‍ പഴയ പോലെ തന്നെ തുടരും. ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക. അഞ്ച് മണിക്കൂര്‍ വീതമായിരിക്കും സഭ സമ്മേളനം. കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂര്‍മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ.

അതേസമയം കര്‍ഷക പ്രക്ഷോഭം സര്‍ക്കാരിന് ഈ സമ്മേളനകാലത്ത് വലിയ ഭീഷണി തന്നെയാകുമെന്നാണ് കരുതുന്നത്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

സമരം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഹീന ശ്രമങ്ങളെക്കുറിച്ച്‌ ഉന്നതതല അന്വേഷണം വേണമെന്നും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണൂല്‍ കോണ്‍ഗ്രസും ഒക്കെ ഒപ്പു വച്ച പ്രസ്താവന പറയുന്നു. ഇതിനു പുറമെ ആം ആദ്മി പാര്‍ട്ടി, അകാലിദള്‍ എന്നീ കക്ഷികളും ബഹിഷ്ക്കരണം പ്രഖ്യാപിച്ചിട്ടുണ്ട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ അറിയിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച ഉണ്ടായോ എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു.