കോട്ടയം : അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസ് കയറി മരിച്ചു. കോട്ടയം നഗരമധ്യത്തില്‍ ചന്തക്കവലക്ക് സമീപമാണ് സംഭവം. ചന്തക്കടവില്‍ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകന്‍ രാജേഷാണ് (കുഞ്ഞു കൊച്ച്‌ – 35) മരിച്ചത്.

ബസിനടിയിലേക്കു കുഴഞ്ഞു വീണ രാജേഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു. അപസ്മാര രോഗബാധിതനായ രാജേഷിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെ ചന്തക്കവലയില്‍ എം.എല്‍ റോഡിലെ ഷാപ്പിനു മുന്നിലെ കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്നു രാജേഷ്. കടത്തിണ്ണയില്‍ നിന്നു മുന്നോട്ട് എഴുന്നേറ്റ രാജേഷ് നടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി, റോഡരികിലേയ്ക്കു വീഴുകയായിരുന്നു.

ഈ സമയം ഇതുവഴി എത്തിയ കോട്ടയം- കോളനി റൂട്ടിലോടുന്ന ബസിന്റെ അടിയിലേയ്ക്കാണ് രാജേഷ് വീണത്. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാര്‍ ബഹളം വച്ചെങ്കിലും ബസ്സിന്റെ പിന്‍ചക്രങ്ങള്‍ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. ബസ് നിര്‍ത്തിയെങ്കിലും രാജേഷ് മരിച്ചിരുന്നു.

രാജേഷ് മാര്‍ക്കറ്റ് റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവാണെന്നു പൊലീസ് അറിയിച്ചു. മരണ ശേഷം ഇയാള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു.മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.