കോട്ടയം: പാലായെചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ ഇന്നും പറയുമ്പോഴും യുഡിഎഫ് പ്രവേശനത്തിനുള്ള ഒരുക്കങ്ങളുമായി എന്‍സിപിയിലെ മാണി സി കാപ്പന്‍ വിഭാഗം മുന്നോട്ട്.

സിറ്റിംങ്ങ് സീറ്റ് വിട്ടുകൊടുത്ത് ഇടതുമുന്നണിയില്‍ തുടരുന്നതിനോട് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനും താല്‍പര്യമില്ല. അതിനാല്‍ ഒന്നാം തീയതി കേരള നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയോടെ ഇടതു മുന്നണി വിടാനുള്ള തീരുമാനത്തിന് പവാറിന്‍റെ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.

അഥവാ ഇടതുമുന്നണി വിടാന്‍ പവാര്‍ അനുമതി നല്‍കിയില്ലെങ്കില്‍പോലും പാലായില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്നാണ് മാണി സി കാപ്പന്‍റെ നിലപാട്. പവാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ എന്‍സിപി കേരള ഘടകം രൂപീകരിച്ച്‌ യുഡ‍ിഎഫില്‍ ചേരാനാണ് കാപ്പന്‍റെ തീരുമാനം. അതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ നടത്തിയിരുന്നു. മുന്നണിയിലെത്തുമ്പോള്‍ ലഭിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച്‌ യുഡിഎഫുമായി ചര്‍ച്ച നടക്കുന്നുണ്ട്.

പാല ഉള്‍പ്പെടെ 3 സീറ്റുകളാണ് കാപ്പന്‍ വിഭാഗം ആവശ്യപ്പെടുന്നത്. കായംകുളം, തിരുവമ്പാടി എന്നിവയാണ് മറ്റ് രണ്ട് സീറ്റുകള്‍. കായംകുളം ലഭിച്ചാല്‍ സലിം പി മാത്യുവിനെയും തുരുവമ്പാടിയില്‍ എന്‍സിപി ദേശീയ സെക്രട്ടറി കെജെ ജോസ്മോനെയും മത്സരിപ്പിക്കാനാണ് കാപ്പന്‍ ആലോചിക്കുന്നത്. എന്നാല്‍ പാലായ്ക്കു പുറമെ കാപ്പന്‍ നല്‍കുന്ന സീറ്റുകള്‍ സംബന്ധിച്ച്‌ യുഡിഎഫ് ഉറപ്പൊന്നും നല്‍കിയിട്ടില്ല.