ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന കേസില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയ്ക്ക് ജാമ്യം നിഷേധിച്ച്‌ മധ്യപ്രദേശ് ഹൈക്കോടതി. ഫാറൂഖി തെറ്റ് ചെയ്തിട്ടില്ലെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്ന വാദം കോടതി തള്ളി.

അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോടതി പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഫാറൂഖിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. നേരത്തേ രണ്ട് തവണ കീഴ്ക്കോടതികള്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖി ഉള്‍പ്പടെ അഞ്ച് പേരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.