കൊച്ചി: ഈ സര്‍ക്കാര്‍ ഭൂലോക തോല്‍വിയാണെന്നും ജനങ്ങള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്തിരിക്കുകയാണെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

എല്ലാവരും പുതിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്. ഏത് സീറ്റില്‍ മത്സരിക്കാനും താന്‍ തയ്യാറാണ്. മത്സരിക്കണമെങ്കില്‍ അതേ സ്ഥലത്ത് ജീവിക്കണമെന്നില്ല. പത്ത് ദിവസം കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നമ്മള്‍ കേള്‍ക്കുകയാണ് വേണ്ടതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

സ്വതന്ത്രനായി താന്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് ടിക്കറ്റ് തന്നാല്‍ മാത്രമേ ഞാന്‍ മത്സരിക്കുകയുള്ളൂ. വേറൊരു പാര്‍ട്ടിയ്ക്ക് വേണ്ടിയും താന്‍ ഇറങ്ങില്ല. ഞാന്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. താന്‍ മത്സരിച്ചിട്ടില്ലേങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.