മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയെ വര്‍ഗീയവത്കരിക്കുന്നത് ഇതിന് ഉദാഹരണമെന്നും ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണി നിലപാടിലൂടെ സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായതായി കെ. സി. വേണുഗോപാലും കുറ്റപ്പെടുത്തി.കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കള്‍ തമ്മില്‍ പാണക്കാട് നടന്ന കൂടിക്കാഴ്ചക്കെതിരായ ഇടതുമുന്നണി കണ്‍വീനറുടെ പ്രതികരണമാണ് രാഷ്ട്രീയവിവാദങ്ങള്‍ക്ക് അടിസ്ഥാനം. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ ലീഗുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചകളും പുതിയ കാര്യമല്ലെന്നും ഇതിനെ വര്‍ഗീയ വത്കരിക്കാനുളള ഇടതുമുന്നണിയുടെ നീക്കം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.