കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും ആലപ്പുഴ ബൈപാസിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ ബൈപാസ് ഉദ്ഘാടന വേളയിലായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല, ജനഹൃദയങ്ങളില്‍ ഫ്‌ളക്‌സ് വയ്ക്കാന്‍ പറ്റണമെന്നും മന്ത്രി പറഞ്ഞു.ബൈപാസ് ഉദ്ഘാടനത്തിനു കെ.സി. വേണുഗോപാല്‍ എംപിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിക്കരികിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

നാല്‍പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ടാണ് ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. 1972 ലാണ് ആലപ്പുഴ ബൈപാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പല തവണ നിര്‍മാണം തുടങ്ങുകയും മുടങ്ങുകയും ചെയ്തു. ഏറ്റവും ഒടുവില്‍ 48 വര്‍ഷങ്ങള്‍ക്കിപ്പുറം ബൈപാസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതിനായി പ്രയത്‌നിച്ച കരങ്ങള്‍ നിരവധിയാണ്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന പ്രത്യേകത കൂടി ആലപ്പുഴ ബൈപാസിലെ മേല്‍പാലത്തിനുണ്ട്.