ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന ട്രാക്ടര്‍ റാലി അക്രമണത്തിലേക്ക് വഴിമാറിയതിന് പിന്നാലെ സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കുള്ളില്‍ തന്നെ വിള്ളല്‍. രണ്ട് കര്‍ഷക യൂണിയനുകള്‍ അവരുടെ സംയുക്ത കൂട്ടായ്മയായ കിസാന്‍ മോര്‍ച്ചയില്‍ നിന്ന് പിന്മാറി. ഇതോടെ ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവെച്ചതായും കിസാന്‍ മോര്‍ച്ച ബുധനാഴ്ച വ്യക്തമാക്കി.
ബികെയു (ഭാനു), രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സങ്കാദനുമാണ് ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ നിന്ന് തന്നെ പിന്മാറിയത്. അതേസമയം പ്രതിഷേധം തുടരുമെന്നും ജനുവരി 30ന് രാജ്യ വ്യാപകമായി പ്രതിഷേധ കൂട്ടായ്മകളും പട്ടിണി സമരങ്ങളും സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന അനിഷ്ട സംഭവങ്ങളില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്നും റാലി സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ കാരണം പൊലീസാണെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. കര്‍ഷക റാലിയില്‍ അക്രമണകാരികളായ ചിലര്‍ നുഴഞ്ഞു കയറിയെന്നും അവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ സംഘര്‍ഷ മോര്‍ച്ച വ്യക്തമാക്കി.
അതേസമയം അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരേ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ മുന്നൂറോളം പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിന് ആഹ്വാനംനല്‍കിയ 550 അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ട്വിറ്റര്‍ ബുധനാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണോയിതെന്ന് വ്യക്തമല്ല.