ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരുടെ പേരുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദര്‍ശന്‍ പാലിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പോലീസുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. മൂന്ന് ദിവസത്തിനുളളില്‍ ഇക്കാര്യം ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കഗ്നീഷന്‍ സംവിധാനം ഉപയോഗിച്ച്‌ തിരിച്ചറിയുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവ വ്യക്തമാക്കിയിരുന്നു. കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കളെയും ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേ സമയം കേരളത്തില്‍ നിന്ന് പങ്കെടുത്ത നേതാക്കളുടെ കാര്യവും ആശങ്കയിലായിരിക്കുകയാണ്. പൊതുമുതല്‍ തല്ലി തകര്‍ത്തു, കൊള്ളയടിച്ചു അങ്ങനെ എല്ലാ വകുപ്പുകള്‍ അനുസരിച്ചും കേസ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകസമരക്കാര്‍ സംഘടിപ്പിച്ച കിസാന്‍ പരേഡില്‍ കെ.കെ. രാഗേഷ് എം.പിയും പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ഷാജഹാന്‍പുരില്‍ നിന്നും റാലി തുടങ്ങിയപ്പോള്‍ മുന്‍നിരയിലെ ഒരു ട്രാക്ടറിലെ ഡ്രൈവിങ് സീറ്റില്‍ അദ്ദേഹം ഇരിപ്പുറപ്പിച്ചു. കിസാന്‍സഭ പ്രസിഡന്റ് അശോക് , ജോ. സെക്രട്ടറി വിജു കൃഷ്ണന്‍ തുടങ്ങിയവരും ട്രാക്ടറില്‍ രാഗേഷിനൊപ്പമുണ്ടായിരുന്നു. കര്‍ഷകസമരത്തിന് പിന്തുണയുമായി ബിന്ദു അമ്മിണിയും സമരപന്തലില്‍ എത്തിയിരുന്നു.