കൊച്ചി: അഭയകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധിക്കെതിരെ സിസ്റ്റര്‍ സെഫി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫാദര്‍ തോമസ് എം കോട്ടൂരിന് പിന്നാലെയാണ് സ്റ്റെഫിയും കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കീഴ്ക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 23 നാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.