ന്യൂഡല്‍ഹി: സിഖ് ഗുരുദ്വാരകളിലുംമറ്റും കെട്ടാറുള്ള നിഷാന്‍ സാഹിബ് പതാക ചെങ്കോട്ടയിലെ കൊടിമരത്തില്‍ നാട്ടിയവര്‍ക്ക് ഖലിസ്താന്‍ വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന അന്വേഷണവുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. പഞ്ചാബ് താന്‍ തരണ്‍ ജില്ലയിലെ വാന്‍താരാസിങ് ഗ്രാമക്കാരനായ ജുഗ്രാജ് സിങ് എന്ന യുവാവാണ് കൊടി നാട്ടിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇയാളുടെ ബന്ധു ഇക്കാര്യം പങ്കുവെക്കുന്ന വീഡിയോയും പുറത്തുവന്നു.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഖലിസ്താന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് രണ്ടരലക്ഷംരൂപ പ്രതിഫലംനല്‍കുമെന്ന് നിരോധിതസംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് രണ്ടാഴ്ചമുമ്ബ് പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണോ കിസാന്‍ പരേഡിന്റെ റൂട്ടുമാറ്റി കര്‍ഷകരില്‍ ഒരുവിഭാഗം എത്തിയതെന്ന് അന്വേഷിക്കുകയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍. ചെങ്കോട്ടയിലെ സി.സി.ടി.വി. ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.

ചെങ്കോട്ടയില്‍ സിഖ് പതാക നാട്ടിയതടക്കമുള്ള സംഘര്‍ഷത്തിലെ മുഖ്യ ആസൂത്രകന്‍ പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ദുവാണെന്ന് ആരോപണമുണ്ട്. കൊടിമരത്തില്‍ സിഖ് പതാക നാട്ടാന്‍ നേതൃത്വം നല്‍കിയത് സിദ്ദുവാണെന്നാണ് വിവരം. ഇതിനുശേഷം ഇയാള്‍ ഫെയ്സ്ബുക്ക് ലൈവ് നടത്തി. ഈ വേളയില്‍ കര്‍ഷകരില്‍ ചിലര്‍ ക്ഷുഭിതരായി, ‘സമരം നശിപ്പിച്ചതു നീയാണെ’ന്ന് സിദ്ദുവിനെ കുറ്റപ്പെടുത്തുന്നതിന്റെയും ശകാരങ്ങള്‍ക്കൊടുവില്‍ ബൈക്കില്‍ക്കയറി പോവുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഘടനവാദികളായ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ സിദ്ദുവിനും സഹോദരന്‍ മന്‍പ്രീത് സിങ്ങിനുമെതിരേ അടുത്തിടെ എന്‍.ഐ.എ. നോട്ടീസയച്ചിരുന്നു.