തിരുവനന്തപുരം: യാത്രക്കാരുടെ വിശപ്പിന് പരിഹാരമായി ഹോട്ടലുകള്‍ക്കു മുന്‍പില്‍ കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തും. പക്ഷേ യാത്രക്കാര്‍ക്ക് ഭക്ഷണം കൊടുത്താല്‍ മാത്രം പോര, ഹോട്ടലുകള്‍ കെഎസ്‌ആര്‍ടിസിക്ക് വിഹിതം നല്‍കണം.

കെഎസ്‌ആര്‍ടിസി പുതുതായി തുടങ്ങിയ ‘ബൈപാസ് റൈഡ് ‘ ബസുകള്‍ക്കാണ് ഈ പുതിയ രീതി ആലോചിക്കുന്നത്. ഈ ഹോട്ടലുകളുടെ സൗകര്യങ്ങള്‍ പരിശോധിച്ചാകും തിരഞ്ഞെടുക്കുക. യാത്രക്കാര്‍ക്ക് ഭക്ഷണത്തിനൊപ്പം കെഎസ്‌ആര്‍ടിസിക്കും ഒരു വിഹിതം ലഭ്യമാകുന്ന തരത്തിലാണ് ഹോട്ടലുകളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുക. കെടിഡിസി വിശ്രമ കേന്ദ്രങ്ങളുണ്ടെങ്കില്‍ ആ ഹോട്ടലുകള്‍ക്കായിരിക്കും ആദ്യപരിഗണന.

നഗരങ്ങള്‍ക്കുള്ളിലെ തിരക്കും കുരുക്കും ഉണ്ടാക്കുന്ന സമയനഷ്ടമൊഴിവാക്കാന്‍ പൂര്‍ണമായും ബൈപാസ് റോഡുകളിലൂടെ യാത്ര ചെയ്യുന്ന സര്‍വീസാണിത്. തിരുവനന്തപുരത്തു നിന്ന് ദേശീയപാത വഴി ബെംഗളൂരുവിനും എറണാകുളത്തിനും പോകാനാണ് ഇപ്പോള്‍ സര്‍വീസ്. സമയത്തു തന്നെ എത്തുമെന്ന് ഉറപ്പിക്കാനാണ് ഈ നഗരക്കുരുക്കുകളെ ഒഴിവാക്കുന്നത്.

നഗരങ്ങള്‍ ഒഴിവാക്കുമ്ബോള്‍ ബസ് സ്റ്റേഷനുകളും ഒഴിവാകും. നഗരങ്ങളില്‍ ഇറങ്ങാനും സ്റ്റേഷനുകളിലേക്ക് പോകാനും ഉള്ള യാത്രക്കാരെ ബൈപാസുകളുടെ തുടക്കത്തില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ അവിടെ വിശ്രമിക്കാന്‍ അവസരമൊരുക്കും. അതിനുശേഷം കെഎസ്‌ആര്‍ടിസിയുടെ തന്നെ ഫീഡര്‍ സര്‍വീസ് നഗരത്തിലേക്കു ഈ യാത്രക്കാരുമായി പോകും.