ഹൈദരാബാദ്: പതിനെട്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് 45കാരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ അറസ്റ്റോടെ അടുത്തിടെ ഹൈദരാബാദില്‍ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകത്തെക്കുറിച്ചുളള ചുരുളുകളാണ് അഴിയുന്നത്.

കല്ലുവെട്ടുകാരനായ പ്രതിയെ സിറ്റി പൊലീസ് ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും രാച്ചക്കണ്ട കമ്മീഷണറേറ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. നേരത്തെ 21 കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. 16 കൊലപാതക കേസുകള്‍, നാല് സ്വത്ത് കേസുകള്‍, പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടല്‍ എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍.

21-ാം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ സ്ത്രീകളോട് വൈരാഗ്യപരമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2003 മുതലാണ് ഇയാള്‍ കൊലപാതകം പോലുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ആരംഭിച്ചത്. ഇരകളായ സ്ത്രീകള്‍ക്കൊപ്പം മദ്യപിച്ചതിന് ശേഷം അവരെ കൊല്ലുകയും അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റു വസ്തുക്കളും മോഷ്ടിച്ച്‌ ഓടി രക്ഷപ്പെടുകയും ചെയ്യുകയാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകളെന്നും പൊലീസ് വ്യക്തമാക്കി.