കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അടുത്ത മാസം 8 വരെ നീട്ടി. വിചാരണ നിര്‍ത്തിവെക്കണമെന്ന് പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. ദിലീപിന്‍റെ അഭിഭാഷകന് കോവിഡ് ബാധിച്ചതിനാല്‍ വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അഭിഭാഷകന്‍റെഓഫിസിലുള്ളവരെല്ലാം ക്വാറന്‍റീനിലാണെന്നും കോടതിയെ അറിയിച്ചു. വിചാരണ നിര്‍ത്തിവെച്ചതിനാല്‍ സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവെച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരം നടി കാവ്യ മാധവനെ നാളെ വിസ്തരിക്കില്ല.

അതേസമംയ, കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 29ന് വിപിന്‍ലാല്‍ വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടു.
കേസിലെ പത്താംപ്രതിയായിരുന്ന വിപിന്‍ലാല്‍ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂര്‍ ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാല്‍ ഉടന്‍തന്നെ കോടതിയില്‍ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് വിപിന്‍ലാല്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.