കൊല്‍ക്കത്ത∙ ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സഹായിക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ആശുപത്രിയിലേക്ക് എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.

ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അഞ്ച് ദിവസത്തെ ആശുപത്രിവാസനത്തിനുശേഷം ജനുവരി 7നാണ് ഗാംഗുലി ഡിസ്ചാര്‍ജ് ആയത്. ഗാംഗുലിക്ക് വീണ്ടും ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഹൃദയധമനികളില്‍ മൂന്നിടത്താണ് തടസ്സം കണ്ടെത്തിയത്. ഇതില്‍ ഒരിടത്തു മാത്രമാണ് ഇപ്പോള്‍ സ്റ്റെന്റ് ഇട്ടിട്ടുള്ളത്.