ഹോളിവുഡില്‍ ഒട്ടേറെ ആരാധകരെ നേടിയെടുത്ത താരമാണ് അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍. രണ്ടാമത് വീണ്ടും ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അര്‍ണോള്‍ഡ് ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. അര്‍ണോള്‍ഡ് തന്നെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതും.

ചികിത്സയിലിരുന്ന ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ സ്റ്റാഫുകള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് പങ്കുവച്ച കുറിപ്പിലായിരുന്നു അദ്ദേഹം ആരോ​ഗ്യത്തെ പറ്റി ആരാധകരെ അറിയിക്കുന്നത്. 2018ലും അതിനുമുമ്പ് 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്​നങ്ങള്‍ക്ക്​ ചികിത്സ തേടുകയുണ്ടായി. കൂടാതെ ശസ്​ത്രക്രിയകള്‍ക്ക്​ വിധേയനാവുകയും ചെയ്യുകയുണ്ടായിരുന്നു. അര്‍ണോള്‍ഡിന് പള്‍മോണറി വാല്‍വ് ഘടിപ്പിക്കേണ്ടിയും വന്നിട്ടുണ്ട് .

ലോകത്തെ സിനിമാ പ്രേമികള്‍ അദ്ദേഹത്തി​ന്റെ പോസ്​റ്റില്‍ സ്​നേഹം അറിയിച്ചു. ‘അദ്ദേഹം ഞങ്ങള്‍ക്ക്​ റോബോട്ട്​ മനുഷ്യനാണ്​, പക്ഷേ ജീവിതത്തില്‍ അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാനും ആരാധകര്‍ പറയുന്നുണ്ട് ​. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രത്തോടു കൂടിയ കുറിപ്പ്​ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അര്‍ണോള്‍ഡ് കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരത്തെ സഹായമെത്തിക്കുകയുണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് നടന്‍ സംഭാവന നല്‍കിയിരുന്നത്. 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയ ഗവര്‍ണറായിരുന്ന ആളാണ് അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ എന്ന മഹാ നടന്‍.