ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്റ്റര്‍ റാലിയില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പ്രക്ഷോഭത്തില്‍ നിന്നു രണ്ടു സംഘടനകല്‍ പിന്‍മാറി. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘതനും ഭാരതീയ കിസാന്‍ യൂനിയന്‍(ഭാനു) എന്നിവയുമാണ് പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ട്രാക്ടര്‍ മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തെ രണ്ട് കര്‍ഷക യൂനിയനുകളും അപലപിച്ചു. ഈ രീതിയില്‍ പ്രതിഷേധവുമായി തുടരാനാവില്ലെന്നും അവര്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ രീതി സ്വീകാര്യമല്ലെന്നും കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയാണെന്നും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍ നേതാവ് വി എം സിങ് പറഞ്ഞു. ‘ഞങ്ങള്‍ ഞങ്ങളുടെ പ്രക്ഷോഭം നിര്‍ത്തുകയാണ്, പക്ഷേ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും,’ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കാറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എഫ്‌ഐആറില്‍ പേരുണ്ടെന്നും ജനുവരി 26ന് നടന്ന അക്രമത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും വി എം സിങ് കൂട്ടിച്ചേര്‍ത്തു. കരിമ്ബ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ രാകേഷ് ടിക്കാറ്റ് ഒരിക്കലും സംസാരിക്കുന്നില്ല. സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ അവരുടെ പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വി എം സിങ് ആരോപിച്ചു. താനും പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഡല്‍ഹിയിലെ അക്രമങ്ങള്‍ കണ്ട് വേദനിക്കുന്നുണ്ടെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ (ഭാനു) പ്രസിഡന്റ് താക്കൂര്‍ ഭാനു പ്രതാപ് സിങ് പറഞ്ഞു. ‘ഇന്നലെ ഡല്‍ഹിയില്‍ സംഭവിച്ചതെല്ലാം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞങ്ങളുടെ 58 ദിവസത്തെ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.