ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും. കോവിഡ് ബാധയെ തുടര്‍ന്ന് നിലവില്‍ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ് ശശികല.

ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് ഔദ്യോഗികമായി അവസാനിയ്ക്കുമെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ അധികൃതര്‍ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികള്‍ പൂര്‍ത്തിയാക്കും. ചികിത്സയിലായതിനാല്‍ ശശികല ഉടന്‍ ചെന്നൈയിലെത്തില്ലെന്നാണ് വിവരം. ചെന്നൈയിലെത്തിയാല്‍ ആദ്യം മറീനയിലുള്ള ജയലളിത സ്മാരകം ശശികല സന്ദര്‍ശിയ്ക്കും. കേസിലെ ശശികലയുടെ കൂട്ടുപ്രതി ഇളവരശിയും കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ശിക്ഷാ കാലാവധി ഫെബ്രുവരി ആദ്യം പൂര്‍ത്തിയാകും.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് 63കാരിയായ ശശികല ജയിലിലായത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എന്‍ സുധാകരനെയും കോടതി ശിക്ഷിച്ചത്.