ന്യൂഡല്‍ഹി | പാര്‍ലമെന്റ് മാര്‍ച്ചിനെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നത. ട്രാക്ടര്‍ മാര്‍ച്ചിലെ സംഘഷം മുന്‍നിര്‍ത്തി ഒന്നിന് മാര്‍ച്ച്‌ നടത്തരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായാല്‍ അത് കര്‍ഷക സമരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യത്തില്‍
ഇന്ന് ചേരുന്ന സംഘടനാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. ഇന്നലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഡല്‍ഹി പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമരക്കാര്‍ക്ക് മേല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താനാണ് പോലീസ് ഒരുങ്ങുന്നത്.

അതേ സമയം ഇന്നലത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ ചെങ്കോട്ടയില്‍ സുരക്ഷ സന്നാഹം കൂട്ടി. കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങളെ കര്‍ഷക സംഘടനകള്‍ അപലപിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.