കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ കയറി പ്രതിഷേധിച്ചതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നേതാവ് ശശി തരൂര്‍. ട്രാക്ടര്‍ മാര്‍ച്ചിനിടെ ചെങ്കോട്ടയല്‍ കയറി ഒരു സംഘം ആളുകള്‍ മഞ്ഞനിറത്തിലുള്ള കൊടി ഉയര്‍ത്തിയതിനെയാണ് തരൂര്‍ വിമര്‍ശിച്ചത്.
‘ഇത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി. തുടക്കം മുതല്‍ തന്നെ ഞാന്‍ കര്‍ഷ സമരത്തെ പിന്തുണച്ചിരുന്നു. പക്ഷേ നിയമവിരുദ്ധത അപലപിക്കാതിരിക്കാന്‍ സാധിക്കില്ല. അതു റിപ്പബ്ലിക് ദിനത്തില്‍. ചെങ്കോട്ടയില്‍ മറ്റൊരുപതാകയുമല്ല ത്രിവര്‍ണ പതാകയാണ് ഉയരേണ്ടത്,’ തരൂര്‍ പറഞ്ഞു.
കര്‍ഷക റാലിയില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ‘അക്രമം ഒന്നിനും ഒരു പരിഹാരമല്ല. നഷ്ടങ്ങള്‍ രാജ്യമൊന്നാകെ അനുഭവിക്കേണ്ടിവരും. രാജ്യത്തിന് വേണ്ടിയെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം’, രാഹുല്‍ പറഞ്ഞു.
നേരത്തെ സംഘര്‍ഷങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ചില കര്‍ഷകര്‍ നേരത്തെ നിശ്ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അക്രമം കര്‍ഷകപ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി പറഞ്ഞത്. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.
നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു