കൊച്ചി: കുതിരാന്‍ ടണല്‍ നിര്‍മാണത്തിലെ അനാസ്ഥയില്‍ ദേശീയപാത അതോറിറ്റിയെ ചോദ്യം ചെയ്തു ഹൈക്കോടതി. ഗൗരവമായ ഒരു വിഷയത്തെ നിസ്സാരമായി കാണുന്ന നിലപാട് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. ആശയുടെ വിമര്‍ശിച്ചു .
ഇരട്ട ടണലുകളില്‍ ഒന്നെങ്കിലും പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ചീഫ് വിപ്പ് കെ. രാജനും കെ.പി.സി.സി െസക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തും നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ച കോടതി, അതോറിറ്റിയുടെ വിശദീകരണം തേടിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച കേസ് പരിഗണിക്കവേ വിശദീകരണം നല്‍കാതിരുന്നതിന് കാരണംതേടിയ കോടതി, രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടുംമൂലം പൊതുജനമാണ് വലയുന്നതെന്ന് കോടതി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അതോറിറ്റിക്ക് ഉദ്ദേശ്യമുണ്ടോയെന്നാണ് അറിയേണ്ടത്. ഇതിനായി എന്തെങ്കിലും പദ്ധതിയുണ്ടോയെന്നും എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കണം.
കരാര്‍ കമ്ബനിയുമായി തര്‍ക്കങ്ങളുണ്ടെന്നും നിര്‍മാണം നിലച്ചിരിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു. ഇക്കാര്യങ്ങളിലെല്ലാം ബുധനാഴ്ചക്കകം വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി വെച്ചു .