ലണ്ടന്‍: റിപ്പബ്ലിക്‌ ദിനത്തില്‍ ഇന്ത്യക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സന്‍. കൊവിഡ്‌ മഹാമരിയില്‍ നിന്നും മനുഷ്യരെ സ്വതന്ത്രമാക്കാന്‍ ഇന്ത്യയും യുകെയും തോളോട്‌ തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണെന്നും തന്റെ ആശംസ സന്ദേശത്തില്‍ ബോറിസ്‌ ജോണ്‍സന്‍ പറഞ്ഞു. 72ാമത്‌ റിപ്പബ്ലിക്‌ ദിനത്തില്‍ നേരത്തെ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സനെയായിരുന്നു.എന്നാല്‍ ബ്രിട്ടണില്‍ കൊറോണയുടെ പുതിയ വകഭേദം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ബോറിസ്‌ ജോണ്‍സന്‍ സന്ദര്‍ശനത്തില്‍നിന്നും പിന്‍മാറുകയായിരുന്നു.

ഇന്ത്യയുടെ അസാധാരണമായ ഭരണഘടനയുടെ ജന്മദിനത്തിന്‌, ലോകത്തെ ഏറ്റവും വിലയ സ്വതന്ത്ര ജനാധിപത്യത്തിന്‌ ആശംസകള്‍ നേരുന്നതായി ബോറിസ്‌ ജോണ്‍സന്‍ അറിയിച്ചു. വരുന്ന മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായും ബോറിസ്‌ ജോണ്‍സന്‍ തന്റെ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.

“പീയപ്പെട്ട സുഹൃത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റിപ്പബ്ലിക്‌ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയായിരുന്നു.എന്നാല്‍ കൊവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലണ്ടനില്‍ തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു” ബോറിസ്‌ ജോണ്‍സന്‍ പറഞ്ഞു.

കൊവിഡ്‌ മഹാമാരിയില്‍നിന്നും മുനുഷ്യവംശത്തെ സ്വതന്ത്രമാക്കാന്‍ വാക്‌സിന്‍ വികസിപ്പിക്കാനും, നിര്‍മ്മിക്കാനും,വിതരണം ചെയ്യാനും ഇരു രാജ്യങ്ങളും തോളോട്‌ തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. യുകെയുടേയും ഇന്ത്യയുടേയും മറ്റ്‌ രാജ്യങ്ങളുടേയും ശ്രമഫലമായി കൊവിഡ്‌ മാഹാമരിക്കെതിരായ യുദ്ധത്തില്‍ നമ്മള്‍ വിജയത്തിനരികിലാണ്‌. ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിക്കാനാണ്‌ താന്‍ ലക്ഷ്യമിടുന്നത്‌. ഇന്ത്യ സന്ദര്‍ശത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിയാകുമെന്നും ബോറിസ്‌ ജോണ്‍സന്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചു.

ലോകത്തെല്ലായിടത്തും കൊവിഡ്‌ മനുഷ്യരെ തമ്മില്‍ തമ്മില്‍ അകത്തി. ബ്രിട്ടണിലേയും ഇന്ത്യയിലേയും കുടുംബാങ്ങങ്ങളേയും സുഹൃത്തുക്കളേയും കൊവിഡ്‌ അകലം പാലിക്കാന്‍ നിര്‍ബന്ധിതരാക്കി. ബ്രിട്ടണില്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക്‌ ദിനാശംസകള്‍ നേരുന്നതായും ബോറിസ്‌ ജോണ്‍സന്‍ ബ്രിട്ടണിലെ ഇന്ത്യക്കാരോടായി പറഞ്ഞു.