കൊവിഡ് രണ്ടാം ഘട്ടത്തിന്റെ അപകടസാധ്യത പുതിയ വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിക്കുന്നു. പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ എം ഡി പാത്രയും അഭിപ്രായപ്പെടുകയുണ്ടായി. ഒക്ടോബര്‍ 7 മുതല്‍ 9 വരെ നടന്ന പുതുതായി രൂപീകരിച്ച ധനനയ സമിതി (എംപിസി) യോഗത്തില്‍ സംസാരിക്കവെയാണ് ഇത്തരത്തില്‍ ഇരുവരും അഭിപ്രായം പങ്കുവച്ചത്.
കൊവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അടുത്ത രണ്ട് മൂന്ന് പാദങ്ങളില്‍ വളര്‍ച്ചയെയും പണപ്പെരുപ്പ സാഹചര്യത്തെയും ബാധിക്കുമെന്ന് നിരക്ക് നിര്‍ണയ പാനലില്‍ പുതുതായി നിയമിതനായ സ്വതന്ത്ര അംഗം ശശങ്ക ഭൈഡ് അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച പുറത്തുവന്ന ആര്‍ബിഐ യോഗത്തിന്റെ മിനിറ്റ്സിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത് .
“ബെഞ്ച്മാര്‍ക്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പണപ്പെരുപ്പവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും, ഇത് നിലവില്‍ കേന്ദ്ര ബാങ്കിന്റെ ടോളറന്‍സ് ലെവലിനു മുകളിലാണ്. ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി പണപ്പെരുപ്പം വികസിക്കുകയാണെങ്കില്‍ ഭാവിയില്‍ നിരക്ക് കുറയ്ക്കുന്നതിന് ഇടമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വളര്‍ച്ച വീണ്ടെടുക്കുന്നതിന് ഈ ഇടം നിയമാനുസൃതമായി ഉപയോഗിക്കേണ്ടതുണ്ട്, ” റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറയുകയുണ്ടായി .