തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍. ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ വീടിന് തൊട്ടടുത്തുള്ള കോഴിഫാമിലാണ് ഭര്‍തൃമാതാവ് ശ്യാമളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജിശ്രീന ദമ്പതികളുടെ മകളായ ആതിരയും ശരത്തുമായുള്ള വിവാഹം നവംബര്‍ 30നായിരുന്നു. രണ്ട് മാസം പോലും തികയും മുന്‍പാണ് ജനുവരി 15 ന് ആതിരയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശരത്തിന്റെ വീട്ടിലെ കുളിമുറിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആതിരയുടെ മൃതദേഹം കണ്ടത്. കഴുത്തും കൈഞരമ്ബും മുറിച്ചിട്ടുണ്ടായിരുന്നു.

ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച്‌ തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുന്‍പായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകള്‍. ഇത്രയുമാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളില്‍ വീട്ടിലെ കുളിമുറിയില്‍ കൈ ഞരമ്പുകളും കഴുത്തും അറ്റ് മരിച്ചുകിടന്ന ആതിരയുടെ മരണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം.

ആതിരയുടെ മരണം കൊലപാതകമാണെന്നതിന് വിദൂര സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കൊലപാതകമാണെങ്കില്‍ ഫോറന്‍സിക് സയന്‍സില്‍ അവഗാഹമുള്ള ഒരാള്‍ക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തല്‍. 15-ലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ആയ ഒന്നും ലഭിച്ചിട്ടില്ല. ആതിര കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു.