​ന്യൂഡല്‍ഹി: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 10 കോടി കടന്നു. 10,02,80,252 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 21,49,387 പേര്‍ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 7,22,89,169 പേരാണ്​ രോഗമുക്തി നേടിയതെന്നും വേള്‍ഡോ മീറ്ററിന്‍റെ കണക്കില്‍ പറയുന്നു.

യു.എസിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതര്‍. 2,58,61,597 പേര്‍ക്കാണ്​ യു.എസില്‍ ഇതുവരെ കോവിഡ്​ ബാധിച്ചത്​. കോവിഡ്​ ബാധിതര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്​. 1,06,77,710 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ബ്രസീല്‍, റഷ്യ, യു.കെ, ഫ്രാന്‍സ്​, സ്​പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി തുടങ്ങിയവയാണ്​ കോവിഡ്​ ബാധിതര്‍ ഏറ്റവും കൂടുതലുള്ള മറ്റു രാജ്യങ്ങള്‍.
അതേസമയം, യു.കെയിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടര്‍ന്നുപിടിക്കുന്നത്​ ലോകരാജ്യങ്ങളെ ആശങ്കയിലാഴ്​ത്തുന്നുണ്ട്​. അതിതീവ്ര കൊറോണ വൈറസ്​ ഇന്ത്യയുള്‍പ്പെടെ 50ല്‍ അധികം ​രാജ്യങ്ങളില്‍ സ്​ഥിരീകരിക്കുകയും ചെയ്​തിട്ടുണ്ട്​. യഥാര്‍ഥ കൊറോണ ​ൈവറസിനേക്കാള്‍ 30 ശതമാനം മരണസാധ്യത കൂടുതലാണ്​ അതിതീവ്ര വൈറസിന്​. കൂടാതെ 70 ശതമാനത്തിലധികം അതിതീവ്ര വ്യാപന ശേഷിയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

കൊറോണ വൈറസ്​ പ്രതിരോധത്തിനായി ഇന്ത്യയുള്‍പ്പെടെ വാക്​സിന്‍ വിതരണം ആരംഭിച്ചത്​ ആശ്വാസം നല്‍കുന്നു. രാജ്യത്ത്​ രണ്ടു വാക്​സിനുകള്‍ക്കാണ്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​. കോവിഷീല്‍ഡ്​, കോവാക്​സിന്‍ എന്നിവയാണവ.