തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്‌പി . ഇക്കുറി 7 സീറ്റെങ്കിലും വേണമെന്നാണ്‌ ആര്‍എസ്‌പി യുഡിഎഫ്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഈ ആവശ്യം നടപ്പാക്കിയില്ലെങ്കില്‍ രണ്ട്‌ സീറ്റുകള്‍ വച്ച്‌ മാറണമെന്നും ആവശ്യപ്പെടും. ആറ്റിങ്ങലും കയ്‌പമംഗലവും വേണ്ടെന്നും അതിന്‌ പകരം മറ്റ്‌ മണ്ഡലങ്ങള്‍ നല്‍കണമെന്നും ആര്‍എസ്‌പി ആവശ്യമുന്നയിക്കും.

കഴിഞ്ഞ തവണ എല്‍ഡിഎഫ്‌ മുന്നണി വിട്ട്‌ യുഡിഎഫ്‌ ഘടകകക്ഷിയായതോടെ 5 സീറ്റുകളാണ്‌ ആര്‍എസ്‌പിക്ക്‌ ലഭിച്ചത്‌. ചവറ, കുന്നത്തൂര്‍, ഇരവിപുരം, കയ്‌പമംഗലം, ആറ്റിങ്ങല്‍ എന്നിവ. ഇതില്‍ കുന്നത്തൂരും ആറ്റിങ്ങലും സംവരണ മണ്ഡലങ്ങള്‍ ആയിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറയില്‍ ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ 5 സീറ്റിലും ആര്‍എസ്‌പി പരാജയപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ കൂടുതല്‍ സീറ്റുകള്‍ക്ക്‌ അര്‍ഹതയുണ്ടെന്ന്‌ ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എഎ ആസീസ്‌ പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന്‌ യുഡിഎഫില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലത്തിന്‌ പുറത്ത്‌ ആലപ്പുഴയിലും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന്‌ യുഡിഎഫില്‍ ആവശ്യപ്പെടും. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ വെച്ചു മാറണം. ഏഴ്‌ സീറ്റുകള്‍ ആര്‍എസ്‌പിക്ക്‌ വേണം. ഒഴിവ്‌ വന്ന സീറ്റുകളിലെല്ലാം കോണ്‍ഗ്രസ്‌ മാത്രം മത്സരിക്കുന്നത്‌ ഉചിതമാകില്ലെന്നും അസീസ്‌ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യെപ്പെടുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം നേതാവ്‌ അനൂപ്‌ ജേക്കബും അറിയിച്ചു. കോരള കോണ്‍ഗ്രസ്‌ എം മത്സരിച്ച സീറ്റുകളില്‍ മറ്റ്‌ ഘടകകക്ഷികള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.