കണ്ണൂര്‍: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനില ഗുരുതരം. നിലവില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂമോണിയയോടൊപ്പം കടുത്ത പ്രമേഹവുമുള്ളതാണ് ജയരാജന്റെ ആരോഗ്യനില വഷളാക്കിയത്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ അദ്ദേഹം.

ജയരാജനെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക. ആരോഗ്യമന്ത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. നേരത്തെ കെ.കെ.ശൈലജയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഒരാഴ്ച മുന്‍പാണ് എം.വി.ജയരാജന് കോവിഡ് ബാധിച്ചത്.

കേരളത്തില്‍ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3607 ആയി.

അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വാക്സിന്‍ വിതരണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച വരെ 16 ലക്ഷത്തിലധികം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ചയാണ് വാക്സിന്‍ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്.