തിരൂരങ്ങാടി: ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ വിവാഹസംഘത്തിന് സഹായവുമായി മോട്ടോര്‍വാഹനവകുപ്പ്. കാറിന്റെ ടയര്‍ കടയില്‍ കൊണ്ടുപോയി പഞ്ചൊറൊട്ടിച്ച്‌ ഫിറ്റ് ചെയ്ത് നല്‍കിയാണ് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സഹായിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ രണ്ടത്താണി വെച്ചാണ് സംഭവം. ഷൊര്‍ണൂരില്‍ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്നു കടലുണ്ടി സ്വദേശി ലഞ്ജിതും കുടുംബവും. കാറിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ മുമ്ബ് പഞ്ചറായത് കാരണം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ സമയത്ത് ഇതുവഴി പട്രോളിങ് നടത്തുകയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
ഉടന്‍ തന്നെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുനീബ് അമ്ബാളി, ടി പ്രബിന്‍, എം സലീഷ് എന്നിവരുടെ നേതൃത്വത്തില്‍ ടയര്‍ അഴിച്ചെടുത്ത് അവധി ദിവസമായതിനാല്‍ പഞ്ചര്‍ കട അന്വേഷിച്ചു കണ്ടെത്തുകയും ടയര്‍ പഞ്ചര്‍ അടച്ച്‌ കാറില്‍ ഫിറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തു. പഞ്ചറൊട്ടിച്ച്‌ നല്‍കുക മാത്രമല്ല, സുരക്ഷിത യാത്രയ്ക്ക് വേണ്ട ബോധവല്‍ക്കരണവും നടത്തിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.